എറന്ദ്രിര അവളുടെ മുത്തശ്ശിയെ കുളിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു , അവളുടെ കാലക്കേടിന്റെ കാറ്റു വീശുവാന്‍ തുടങ്ങിയത്. ആ കാറ്റിന്റെ ആദ്യ ആക്രമണത്തില്‍ത്തന്നെ മരുഭൂമിയുടെ എകാന്തതയില്‍, ചാന്ദ്രവര്‍ണ്ണം കലര്‍ന്ന ഭീമകാരമായ ആ കെട്ടിടത്തിന്റെ അടിത്തറ വരെ ആകെ ഒന്നുലഞ്ഞു. പക്ഷെ എറന്ദ്രിയും അവളുടെ അമ്മൂമ്മയും ഇതുപോലെയുള്ള കാറ്റിന്റെ വന്യതകളോട് എന്നേ സമരസപ്പെട്ടുകഴിഞ്ഞിരുന്നു. കുട്ടിത്തം നിറഞ്ഞ മയില്‍ രൂപങ്ങള്‍ അലേഖനം ചെയ്തു വച്ച റോമന്‍ മൊസൈക് കല്ലുകള്‍ പാകി അലങ്കരിച്ച ആ കുളിമുറിയുടെ അകത്ത് എരന്ദ്രിരയും അവളുടെ അമ്മൂമ്മയും ആ കാറ്റിന്റെ പരക്രാന്തങ്ങള്‍ക്ക് ഒട്ടും തന്നെ ഗൗരവംനല്‍കിയതുമില്ല.
മാര്‍ബിള്‍ റ്റബ്ബില്‍ , നഗ്നയായിരുന്ന ആ മുത്തശ്ശി, ഭീമ ശരീരപ്രകൃതിയാല്‍, സുന്ദരിയായ ഒരു വെള്ള തിമിംഗലത്തെ പോലെയിരുന്നു.. പതിനാലു വയസു കഷ്ടിച്ച് തികഞ്ഞ കൊച്ചുമകളാവട്ടെ ദുര്‍ബലയും ക്ഷീണിതയും, പ്രായത്തിനൊത്തവളര്‍ച്ചയില്ലത്തവളുമായിരുന്നു.വിശുദ്ധി നിറഞ്ഞ കാഠിന്യതയുടെ തരത്തിലുള്ള പിശുക്കോടെ അവളുടെ മുത്തശ്ശിയെ , ശരീര ശുദ്ധിക്കായി ഔഷധങ്ങളും, സുഗന്ധ പത്രികളും ഇട്ടു തിളപ്പിച്ച വെള്ളത്തിലായിരുന്നു കുളിപ്പിച്ചുകൊണ്ടിരുന്നത്. ആ ഔഷധ ജലം അവരുടെ മാംസളമായ പിന്‍ഭാഗത്തും, നാവികരെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ പച്ച കുത്തിയ തോളിലും വെള്ളി നിറമാര്‍ന്ന മുടിയിഴകളിലും പറ്റിപ്പിടിച്ചിരുന്നു.
"കഴിഞ്ഞ രാത്രിയില്‍ , ഞാന്‍ ഒരു കത്ത് വരുന്നതും കാത്തിരിക്കുന്നതായി സ്വപ്നം കണ്ടു"
മുത്തശ്ശിപറഞ്ഞു.
ഒഴിവാക്കാനാവാത്ത അവസരങ്ങളിലല്ലാതെ മറ്റൊരിക്കലും സംസാരിക്കാത്ത എറന്ദ്രിര ചോദിച്ചു
" സ്വപ്നത്തില്‍ എതു ദിവസമായിരുന്നു അത്?"
"വ്യാഴം"
"അങ്ങിനെയെങ്കില്‍ അതൊരു ദുര്‍വാര്‍ത്തയുമായി വരുന്ന കത്തായിരിക്കും". എറന്ദ്രിര മറുപടി നല്‍കി " പക്ഷെ അതൊരിക്കലും എത്തിച്ചേരില്ല"
അവളുടെ മുത്തശ്ശിയെ കുളിപ്പിച്ചു കഴിഞ്ഞ്, അവള്‍ അവരെ അവരുടെ കിടപ്പുമുറിയിലേക്കു കൂട്ടിപ്പോന്നു.എറന്ദ്രിരയുടെ തോളില്‍ ചായാതെയൊ, ഒരു ബിഷപ്പിന്റെ അംശവടി പോലുള്ള ഊന്നുവടി കൂടാതെയോ നടക്കുവാന്‍ അശേഷം സാധിക്കത്ത വിധം തടിച്ചതായിരുന്നു അവര്‍. അത്രയും ദുര്‍ഘടം പിടിച്ച അവസ്ഥയില്‍ പോലും പുരാതനത്വം നിറഞ്ഞ ഒരു ഗാംഭീര്യം അവരില്‍ പ്രകടമായിരുന്നു.ആ വലിയ വീടിനെപ്പോലെ തന്നെ ധരാളിത്തം നിറഞ്ഞതും, സ്വല്‍പം കിറുക്കുപിടിപ്പിക്കുന്നതുമായ രീതിയില്‍ അലങ്കരിച്ചിരുന്ന ആ കിടപ്പുമുറിയില്‍ , അവരെ ഒരുക്കിയെടുക്കുവാന്‍ എറന്ദ്രിക്ക് രണ്ടു മണിക്കൂറുകള്‍ കൂടി വേണ്ടി വന്നു. എറന്ദ്രിര അവരുടെ മുടി ഓരൊ ഇഴകളായി വേര്‍പിരിച്ചു, സുഗന്ധതൈലം പൂശി, ചീകിയൊതുക്കി. വൃത്താകൃതിയില്‍ പൂക്കള്‍ നിറഞ്ഞ വസ്ത്രം ധരിപ്പിച്ചു, മുഖത്ത് പൗഡര്‍ പൂശി, ചുണ്ടില്‍ കടും ചുവപ്പു നിറമുള്ള ലിപ്സ്റ്റിക്ക്, കവിളില്‍ റൂഷ് എന്നിവ തേച്ചു പിടിപ്പിച്ചു, കണ്ണിമകളില്‍ കസ്തൂരി തൈലമിട്ടതിനു ശേഷം നഖങ്ങളില്‍ ചായമിട്ടു മിനുക്കി. മനുഷ്യാകാരത്തേക്കാള്‍ വലിയ ഒരു പാവയെ അണിയിച്ചൊരുക്കിയതു പോലെ ഒരുക്കിയ ശേഷം, ആ മുത്തശ്ശി അണിഞ്ഞ വസ്ത്രത്തിലെ തിങ്ങി നിറഞ്ഞ പൂക്കള്‍പോലെ പൂക്കളുള്ള ഒരു കൃത്രിമ പൂന്തോട്ടത്തില്‍ കൊണ്ടുപോയി , ഒരു സിംഹാസനത്തിന്റെ പാരമ്പര്യവും, ഗാംഭീര്യവും എടുത്തു കാണിക്കുന്ന ഒരു വലിയ കസേരയില്‍ ഇരുത്തി. ഒരു വലിയ കോളാമ്പിയുള്ള ഫോണൊഗ്രാഫില്‍ നിന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കാന്‍ ഇടയില്ലാത്ത ഗാനങ്ങള്‍ കേള്‍ക്കുവാനായി അവരെ തനിയെ വിട്ടു. മുത്തശ്സി ഓര്‍മയുടെ ചതുപ്പു നിലങ്ങളില്‍ ഒഴുകി നടക്കവേ എറന്ദ്രിര മുറി വൃത്തിയാക്കുന്ന ജോലിയില്‍ വ്യാപൃതയായി. വിലക്ഷണങ്ങളായ ഉരുപ്പടികളും, പ്രതിമകളും, മെഴുകുതിരിക്കാലുകളും, മാര്‍ബിളില്‍ കൊത്തിയ മാലഖമാരുടെ പ്രതിമകളും, പലവിധ വലുപ്പത്തിലും, രൂപത്തിലുമുള്ള ക്ലോക്കുകളും മറ്റും നിറഞ്ഞ് വിവിധവര്‍ണ്ണങ്ങളാല്‍ ഇരുണ്ട് കിടന്ന മുറികളായിരുന്നു അവ.അവരുടെ മുറ്റത്ത് വെള്ളം നിറക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു വലിയ ജലസംഭരണിയുണ്ടായിരുന്നു. വളരെ വര്‍ഷങ്ങളായി, അകലെയുള്ള നീരുറവകളില്‍ നിന്ന് ആദിവാസികളായിരുന്നു അതില്‍ വെള്ളം നിറച്ചിരുന്നത്. ആ ജലസംഭരണിയുടെ ഒരു വശത്തു പിടിപ്പിച്ചിരുന്ന ഒരു വളയത്തില്‍ തളര്‍ന്നവശയയ ഒരു ഒട്ടകപ്പക്ഷിയെ കെട്ടിയിട്ടിരുന്നു. ആ വരണ്ട കാലാവസ്ഥയെ അതിജീവിക്കുവാന്‍ കഴിവുള്ള ഏക പക്ഷിയായിരുന്നു അത്.ആ വീട് എല്ലാത്തില്‍ നിന്നും ഏറെ അകലെയായിരുന്നു. മരുഭൂമിയുടെ നടുക്ക്. കുടിയേറ്റക്കാര്‍ താമസിക്കുന്ന സ്ഥലമായിരുന്നു തൊട്ടടുത്തുണ്ടായിരുന്നത്. ദുശ്ശകുനത്തിന്റെ കാറ്റ് വീശുന്ന സമയങ്ങളില്‍ ഏകാന്തതയില്‍ ആടുകള്‍ ചാവാറുണ്ടായിരുന്ന പൊളിഞ്ഞ പൊള്ളുന്ന റോഡു മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.ആ ഭീമാകരമായ കെട്ടിടം നിര്‍മ്മിച്ചത് ആ മുത്തശ്ശിയുടെ ഭര്‍ത്താവായിരുന്നു.അമാഡിസ് എന്നറിയപ്പെട്ടിരുന്ന , ഇതിഹാസ സമാനനായിത്തീര്‍ന്ന ഒരു കള്ളക്കടത്തുകാരനായിരുന്നു അയാള്‍. അയാള്‍ക്ക് അവരിലുണ്ടായ മകനായിരുന്നു എറന്ദ്രിരയുടെ പിതാവ്. അയാളുടെ പേരും അമാഡിസ് എന്നു തന്നെയായിരുന്നു. ആ കുടുംബത്തിന്റെ വേരുകളെക്കുറിച്ചോ, പ്രേരണാശക്തികളെക്കുറിച്ചോ ഒന്നും തന്നെ ആര്‍ക്കും അറിയില്ലായിരുന്നു.അവിടുത്തെ ആദിവാസികളുടെ ഭാഷ്യത്തില്‍ അവര്‍ക്കാകെ അറിയാമായിരുന്നത്, അച്ഛന്‍ അമാഡിസ് തന്റെ സുന്ദരിയായ ഭാര്യയെ ആന്റിസിലെ ഒരു വേശ്യാലയത്തില്‍ നിന്നും മറ്റൊരുവനെ കുത്തി കൊലപ്പെടുത്തി രക്ഷിച്ചു എന്നും, തങ്ങളെത്തേടി ഭീഷണികളോ, ശിക്ഷകളൊ ഒരിക്കലും എത്തിച്ചേരില്ല എന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഈ മരുഭൂമിയില്‍ അവരെ എന്നേക്കുമായി പ്രതിക്ഷ്ടിച്ചു എന്നതുമായിരുന്നു. ഒരു അമാഡിസ് ജ്വരബാധയാലും, മറ്റേ അമാഡിസ് ഒരു പെണ്ണിന്റെ പേരിലുള്ള വഴക്കില്‍ വെടിയുണ്ടകളാല്‍ അരിപ്പപോലെ തുളക്കപ്പെട്ടും മരണമടഞ്ഞപ്പോള്‍ മുത്തശ്ശി അവരെ ഇരുവരയും ,മുറ്റത്ത് അടുത്തടുത്തുള്ള കല്ലറകളില്‍ അടക്കി. അവിടെ ജോലി ചെയ്തിരുന്ന പതിനാല് വേലക്കാരികളേയും പറഞ്ഞയച്ചു. ശേഷം അവര്‍ ആ വീടിന്റെ ഗൂഡത നിറഞ്ഞ നിഴലിന്‍ കീഴില്‍ തന്റെ പ്രൗഡമായ സ്വപ്നങ്ങള്‍ അയവിറക്കി ജീവിച്ചുപോന്നു. ശൈശവപ്രായം തൊട്ട് താന്‍ വളര്‍ത്തിക്കൊണ്ടുവന്ന , അവിഹിതമാര്‍ഗത്തില്‍പ്പിറന്ന കൊച്ചുമകളുടെ ത്യാഗങ്ങള്‍ക്ക് നന്ദി സൂചിപ്പിച്ചുകൊണ്ട്.
എറന്ദ്രിരക്കു ആറു മണിക്കൂര്‍ വേണ്ടിവരുമായിരുന്നു അവിടെയുള്ള ക്ലോക്കുകളുടെ സമയം ശരിപ്പെടുത്താനും , അതിനു ചാവി കൊടുക്കാനുമായി. അവളുടെ അപശകുനങ്ങള്‍ തുടങ്ങിയ ദിവസം, അവള്‍ക്ക് ആ ക്ലോക്കുകള്‍ ശരിയാക്കേണ്ടിയിരുന്നില്ല.കാരണം തലേദിവസം രാവിലെ വരെ ഓടാനാവശ്യമായ ചാവി അവയ്ക്കുണ്ടായിരുന്നു. പകരം അന്നവള്‍ക്ക് തന്റെ മുത്തശ്ശിയെ കുളിപ്പിച്ച് അണിയിച്ചൊരുക്കിയ ശേഷം തറ തുടക്കണമായിരുന്നു, ഉച്ചഭക്ഷണം പാകം ചെയ്യണമായിരുന്നു. കൂടാതെ അവിടെയുള്ള ചില്ലു പാത്രങ്ങള്‍ തുടച്ചു വെയ്ക്കുകയും ചെയ്യേണ്ടിയിരുന്നു. പതിനൊന്നു മണിയോടു കൂടി അവള്‍ ഒട്ടകപക്ഷിയുടെ പാത്രത്തില്‍ വെള്ളം മാറിക്കൊണ്ടിരുന്നപ്പോഴും, അമാഡിസ്‌മാരുടെ കല്ലറക്കരികിലെ കളകള്‍ നീക്കം ചെയ്തുകൊണ്ടിരുന്നപ്പോഴും അസഹനീയമാം വിധം ആഞ്ഞു വീശിയ കാറ്റിനോട് അവള്‍ക്ക് ഏറെ പൊരുതി നില്‍ക്കേണ്ടി വന്നു. അപ്പോഴൊന്നും അത് തന്റെ ദുരിതങ്ങളുടെ കാറ്റാണ് ആ വീശുന്നതെന്ന നേരിയ തോന്നല്‍ പോലും അവളിലുണ്ടായില്ല. പന്ത്രണ്ട് മണിക്കു ഷാമ്പയിന്‍ ഗ്ലാസുകള്‍ തുടച്ചു കൊണ്ടിരിക്കെയാണ് അടുപ്പില്‍ വെന്തുകൊണ്ടിരുന്ന ബ്രോത്തിന്റെ മണം അവള്‍ തിരിച്ചറിഞ്ഞത്.അവള്‍ ഒരു തരത്തില്‍ ഓടിയെത്തി സ്റ്റൗവില്‍ നിന്നും ചട്ടി തിളച്ചു തൂവുന്നതിനു മുന്‍പേ തന്നെ എടുത്തുമാറ്റി.പിന്നീട് അടുപ്പിലേക്ക്, തയ്യറാക്കി വച്ച സ്റ്റൂ എടുത്തു വച്ചു. അതിനുശേഷം അടുക്കളയില്‍ ഇട്ടിരുന്ന സ്റ്റൂളില്‍ ഇരുന്ന് വീണു കിട്ടിയ ഇട സമയം ഒന്ന് നടു നിവര്‍ക്കുവാന്‍ അവളുപയോഗിച്ചു. അവള്‍ കണ്ണടച്ചു പിടിച്ചു. തളര്‍ച്ചയുടെ ഭാവഹാദികള്‍ ഒട്ടും ഇല്ലാതെ വീണ്ടും കണ്ണടച്ചു തുറന്നു.എന്നിട്ട് പാത്രത്തിലേക്ക് സൂപ്പ് പകര്‍ന്നു. അവള്‍ ഉറങ്ങിക്കൊണ്ടായിരുന്നു ആ ജോലികളെല്ലാം ചെയ്തത്.
അവളുടെ മുത്തശ്ശി തീന്‍ മേശയുടെ തലപ്പത്ത് കസേരയില്‍ ഇരുപ്പുറപ്പ്പിച്ചു. കയ്യിലുണ്ടായിരുന്ന ചെറിയ മണിയടിച്ചതും എറന്ദിര സൂപ്പുമായി എത്തിച്ചേര്‍ന്നു. എറന്ദ്രിര സൂപ്പുപകര്‍ന്നുകൊണ്ടിരിക്കേയാണ് മുത്തശ്ശി അവളുടെ നിദ്രാടനത്തിലെന്നപോലെയുള്ള മുഖഭാവം ശ്രദ്ധിച്ചത്. അവര്‍ അവളുടെ മുന്‍പില്‍ അദൃശ്യമായൊരു ചില്ലു തുടക്കും പോലെകൈ ചലിപ്പിച്ചു. പെണ്‍കുട്ടി ആ കൈ കണ്ടതുമില്ല. മുത്തശ്ശി അവളെ നിരീക്ഷിക്കുന്നത് തുടര്‍ന്നു. എറന്ദിര അടുക്കളയിലേക്കു തിരിഞ്ഞപ്പോള്‍ അവര്‍ അവള്‍ക്കു നേരെ അലറി
"എറന്ദ്രിരാ..."
അവള്‍പെട്ടന്നു ഞെട്ടിയുണര്‍ന്നതു കാരണം സൂപ്പു പാത്രം അവിടെയുണ്ടായിരുന്ന തുണിക്കുപുറത്തേക്ക്‌ഊര്‍ന്നുവീണു
"സാരമില്ലകുട്ടീ"
മുത്തശ്ശി അവളെ ആശ്വസിപ്പിക്കാനെന്നവണ്ണം പറഞ്ഞു
"നടക്കുന്നതിനിടയ്ക്ക് നീ വീണ്ടും ഉറങ്ങി""എനിക്കതൊരു ശീലമായിപ്പോയി എറന്ദ്രിര ഒഴിവുകഴിവായി മറുപടി നല്‍കിഉറക്കത്തിന്റെ അവ്യക്തതയ്ക്കിടയിലും അവള്‍ സൂപ്പു പാത്രം പൊക്കിയെടുത്തു.തുണിയില്‍ പറ്റിപ്പിടിച്ച കറകളയാന്‍ ശ്രമം ആരംഭിച്ചു.
"ഇപ്പോ വേണ്ട" അവളെ മുത്തശ്ശി നിരുത്സാഹപ്പെടുത്തി "ഇന്ന് ഉച്ച കഴിഞ്ഞ് കഴുകിയിടാം"
ഉച്ച കഴിഞ്ഞ് അവള്‍ ചെയ്യേണ്ട പതിവു വീട്ടു പണികളുടെ കൂടെ തീന്മുറിയിലെ തുണി കൂടി കഴുകിയിടേണ്ടി വന്നു. തിങ്കളാഴ്ച ചെയ്യേണ്ടിയിരുന്ന സാധാരണ തുണികഴുകല്‍ കൂടി അവള്‍ ആ സമയത്ത് ചെയ്തു തീര്‍ക്കാന്‍ അവള്‍ തീരുമാനിച്ചു.അപ്പോഴൊക്കെ കടുത്ത കാറ്റ് അകത്തെക്ക് പ്രവേശിക്കാനുള്ള തക്കം നോക്കി ആ വീടിനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടായിരുന്നതിനാല്‍ രാത്രിയായതു പോലും അവളറിഞ്ഞില്ല. തീന്മുറിയിലെ തുണി പഴയ സ്ഥലത്ത് തിരിച്ചിട്ടപ്പോഴേക്കും കിടക്കുവാനുള്ള സമയമായിരുന്നു.മുത്തശ്സി ഉച്ച കഴിഞ്ഞുള്ള സമയം മുഴുവന്‍ പിയാനൊയില്‍ അവരുടെ ചെറുപ്പകാലത്തെ ഗാനങ്ങള്‍ ഉച്ഛസ്ഥായിയില്‍ ആലപിച്ച് സമയം കളഞ്ഞു. അവരുടെ കണ്‍ തടങ്ങളില്‍ കസ്തൂരിയുടേയും കണ്ണുനീരിന്റേയും കറയുണ്ടായിരുന്നു. ഒരു മസ്ലിന്‍ നിശാ വസ്ത്രവും ധരിച്ച് അവര്‍ കട്ടിലിലേക്ക് കിടന്നപ്പോഴായിരുന്നു , കയ്‌ക്കുന്ന ഓര്‍മകള്‍ കടന്നു വന്നത്.
"നാളെ വിശ്രമ മുറിയിലെ തുണികളെല്ലാം കഴുകിയിടണം"
അവര്‍ എറന്ദിരയോടായി ആഞ്ജാപിച്ചു." അത് വെയില്‍ കൊണ്ടിട്ട് കാലങ്ങളായി"
"ശരി മുത്തശ്ശീ"
അവള്‍ മറുപടി നല്‍കി.പ്രീതിപ്പെടുത്താന്‍ വളരെ പാടുള്ള ആ സ്ത്രീയെ അവള്‍ ഒരു തൂവല്‍ വിശറികൊണ്ട് വീശി. അവരാവട്ടെ , രാത്രിയിലേക്കുള്ള ജോലികളുടെ കല്‍പ്പനകള്‍ പുറപ്പെടുവിച്ചുകൊണ്ട് നിദ്രയിലേക്ക് കൂപ്പു കുത്തി.
"തുണിയെല്ലം ഉറങ്ങുന്നതിനു മുന്‍പേ തേച്ചു വയ്ക്കണം. എന്നല്‍ നിനക്ക് സമാധാനമായി ഉറങ്ങാം"
"ശരി മുത്തശ്ശീ"
" തുണി വയ്ക്കുന്ന അലമാരി ഒന്നു നോക്കണം, കാറ്റുള്ള രാത്രികളിലാണ് ഇരട്ടവാലന് വിശപ്പ് കൂടുതല്‍"
"ശരി മുത്തശ്ശീ"
"ബാക്കി കിട്ടുന്ന സമയത്ത് ആ പൂക്കളൊക്കെ എടുത്ത് വരാന്തയില്‍ വെയ്ക്കണം. അങ്ങിനെയെങ്കിലും അതൊന്ന് ശുദ്ധവായു ശ്വസിക്കട്ടെ"
"ശരി മുത്തശ്ശീ"
"ഒട്ടകപക്ഷിക്ക് തീറ്റ കൊടുക്കണം" അവര്‍ എപ്പോഴെ ഉറക്കത്തിലാണ്ടിരുന്നു. പക്ഷെ അവര്‍ നിര്‍ദ്ദേശ്ശങ്ങള്‍ നല്‍കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. ഇവരില്‍ നിന്നു തന്നെയായിരുന്നു എറന്ദ്രിര ഉറക്കത്തിലും ഉണര്‍വോടെ ജോലി ചെയ്യാനുള്ള കഴിവ് പാരമ്പര്യമായി നേടിയത്. എറന്ദ്രിര ആ മുറിയില്‍ നിന്ന് ശബ്ദമുണ്ടാകാതെ പുറത്തു കടന്ന് ബാക്കി വന്ന വീട്ടു പണികള്‍ പൂര്‍ത്തിയാക്കി. മുത്തശ്ശിയുടെ നിര്‍ദ്ദേശ്ശങ്ങള്‍ക്ക് ഉത്തരമായി മൂളിക്കൊണ്ട്.
"കല്ലറക്കു ചുറ്റും വെള്ളം ഒഴിക്കണം"
"ശരി മുത്തശ്ശീ"
"പിന്നെ.. അമാഡിസ്‌മാര്‍ വരുകയാണങ്കില്‍ അവരോട് അകത്തേക്ക് വരരുത് എന്ന് പറയണം." മുത്തശ്ശി തുടര്‍ന്നു." കാരണം ഗാലന്റെ ആള്‍ക്കാര്‍ അവരെ കൊല്ലാന്‍ കാത്തിരിക്കുകയാണ്"
എറന്ദ്രിര പിന്നീട് മറുപടിയൊന്നും നല്‍കിയില്ല. അവര്‍ നിദ്രയുടെ ചിത്തഭ്രമത്തിലേക്ക് കടന്നുപോയെന്ന് അവള്‍ക്കറിയാമയിരുന്നു.പക്ഷേ അവള്‍ ഒരു കല്‍പ്പനയും കേള്‍ക്കാതിരുന്നില്ല. എല്ലാ ജനലിന്റേയും കുറ്റിയിട്ടോ എന്നു നോക്കിയ ശേഷം അവള്‍ അവസാനത്തെ വിളക്കും കെടുത്തി. തീന്‍മുറിയില്‍ നിന്നും മെഴുകുതിരിക്കാലുമെടുത്ത് തെളിച്ച്, അവളുടെ മുറിയിലേക്ക് പോയി. കാറ്റിന്റെ ആരവം നിലക്കുന്ന വേളകളില്‍ ഉറങ്ങുന്ന മുത്തശ്ശിയുടെ സാവധാനത്തിലുള്ളതും, വലിയതുമായ ശ്വാസോച്ഛ്വാസത്തിന്റെ സ്വരം ആ മുറിയില്‍ നിറഞ്ഞു.അവളുടെ മുറിയും മറ്റു മുറികളേപ്പോലെയല്ലങ്കിലും ആഡംബരം നിറഞ്ഞതായിരുന്നു. അതിനകം മുഴുവനും അവള്‍ കുറച്ചു കാലം മുന്‍പു വരെ കളിക്കാനുപയോഗിച്ചിരുന്ന തുണിപ്പാവകളും ചാവി കൊടുത്തു ചലിപ്പിക്കുന്ന മൃഗപ്പവകളുമായിരുന്നു. അന്നത്തെ കഠോരമായ വീട്ടു ജോലികളുടെ ക്ഷീണാധിക്യത്താല്‍, എറന്ദ്രിരക്ക് വസ്ത്രം മാറാനുള്ള ശേഷി പോലും അവശേഷിച്ചിരുന്നില്ല. മെഴുകുതിരിക്കാല്‍ മേശപ്പുറത്ത് വച്ച് അവള്‍ കിടക്കയിലേക്ക് വീണു. കുറച്ചു നേരത്തിനുള്ളില്‍ അവളുടെ ദുര്‍ഭാഗ്യത്തിന്റെ കാറ്റ് കിടപ്പുമുറിയിലേക്ക് അഴിച്ചു വിട്ട പേപ്പട്ടികളേപ്പോലെ കടന്നു വന്ന് മെഴുകുതിരിക്കാല്‍ ജനല്‍ കര്‍ട്ടനിലേക്ക് മറിച്ചിട്ടു.
(ബാക്കി അടുത്ത മാസം ഇതേ ദിവസം...)
10.5.08
Subscribe to:
Post Comments (Atom)
1 comment:
efnXambn ]dªm Kw`ocw..........
GIm´XbpsS \qdphÀj§fpw, tImfdImes¯ {]WbhpsaÃmw Cu `mjbn hmbn¡m³ Ignsª¦nse¶v....... Hcp tamlw..... shdpsX tamln¡phm³....
ASp¯ `mK§Ä¡mbn.............Im¯ncns¸mäbv¡v ImtXmÀ¯ncn¡p¶p.....
\µn.... kvt\lw......
Post a Comment