1.8.08

പ്രവേശനോൽസവം

ഒരു യാത്രക്കിടയിലായിരുന്നു പ്രവേശനോൽസവം എന്ന പുതിയ അദ്ധ്യയന വർഷത്തിലേക്കുള്ള ആദ്യദിനത്തിന്റെ ആഘോഷപരിപാടികൾ കണ്ടത്‌. അലങ്കരിച്ച സ്കൂൾ അങ്കണവും, കുട്ടികളുടെ ബഹളവുമായി മാറിയ കാലത്തിന്റെ മുഖമായിരുന്നു ഞാൻ ആ കണ്ടത്‌. എന്റെ ഓർമകളിൽ ആദ്യ സ്കൂൾ ദിനം എന്നും ആയാസത്തിന്റേതും മനപ്രയസത്തിന്റേതും ആയിരുന്നു. പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ തന്നെ. ഓർമ്മയിൽ തങ്ങി നിൽക്കുന്ന ഒരു പ്രവേശന ദിവസം മലപ്പുറത്തു വച്ചായിരുന്നു.

കുന്നും മലകളും ഇല്ലാത്ത ഒരു സ്ഥലത്തുനിന്നായിരുന്നു ഞാൻ ആദ്യമായി മലയുടെ നാടായ മലപ്പുറത്ത്‌ എത്തിയത്‌. മാതാപിതാക്കൾ സർക്കാർ ജീവനക്കാരായിരുന്നതിനാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള സ്ഥലം മാറ്റവും യാത്രയും പുത്തരിയല്ലായിരുന്നു.ഓർമ്മ വച്ചതിനുശേഷമുള്ള ആദ്യ തീവണ്ടി യാത്രയായിരുന്നു മലപ്പുറത്തേക്കു പോകാൻ വേണ്ടി നടത്തിയത്‌.രാത്രി മുഴുവൻ ഉറങ്ങാതെ ദൂരെ തെളിയുന്ന ഓടിമാറുന്ന വിളക്കുകളും മറ്റും കണ്ടായിരുന്നു യാത്ര. പിന്നീട്‌ ബസ്‌ യാത്രയിൽ മലനിരകളും , റോഡിനിരുവശത്തുമുള്ള കൊക്കകളും കണ്ട്‌ ഭയന്നത്‌ മറ്റൊരോർമ്മ.

മലപ്പുറത്ത്‌ താമസിക്കേണ്ടുന്ന വീടിനടുത്ത്‌ വാഹനമിറങ്ങിയപ്പോൾ, തട്ടമിട്ട മുസ്ലീം പെൺകുട്ടികളെക്കണ്ട്‌ ഞാൻ ഒരുപാട്‌ നേര അന്തം വിട്ടു നോക്കി നിന്നു. മുടി പുറത്തു കാണുന്നത്‌ നാണക്കേടായതുകൊണ്ടായിരിക്കം അവർ തലയിൽ തുണിയിട്ടു മറച്ചു നടക്കുന്നത്‌ എന്ന്‌ ഞാൻ കരുതി.

എന്നേയും ജ്യേഷ്ഠനേയും കൂടി ഒരുമിച്ചായിരുന്നു സ്കൂളിൽ ചേർക്കാനായി കൊണ്ടുപോയത്‌. അച്ഛനും അമ്മയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഏകദേശം 11 മണി കഴിഞ്ഞ്‌ അവിടെ എത്തി ചേർന്ന ഞങ്ങൾക്ക്‌ അദ്ധ്യാപകർ നല്ല സ്വീകരണമായിരുനു നൽകിയത്‌. പരിചയമില്ലത്ത ആ സ്ഥലത്ത്‌ ഭയചകിതരായിട്ടായിരുന്നു ഞങ്ങൾ ഇരുന്നത്‌. റ്റീ സിയും മറ്റും നൽകുമ്പോൾ ഇന്റർവ്വെല്ലിന്‌ ബെല്ലടിച്ചു. പുതിയ രണ്ടു കുട്ടികൾ വേറെ ഏതോ നാട്ടിൽ നിന്നും വരുന്നു എന്നറിഞ്ഞായിരിക്കാം, മൃഗശാലയിൽ പുതിയതായി എത്തിയ വിചിത്ര ജീവികളെ കാണാൻ തിരക്കു കൂട്ടുന്ന പോലെ കുട്ടികൾ ഞങ്ങളെ കാണാൻ ഓഫീസിന്റെ മൂന്നു ജനാലയിലും വാതിലിലും തിങ്ങി നിറഞ്ഞത്‌. കണ്ടവരും കാണാൻ അവസരം കിട്ടാത്തവരും തമ്മിൽ ഉന്തും തള്ളും നടക്കുന്നത്‌ കേൾക്കാമായിരുന്നു. "ഞാങ്കണ്ടില്ല" "ഇയ്യ്‌ ഇങ്ങട്ട്‌ മാറി നിക്ക്‌" എന്നിങ്ങനെയുള്ള അലർച്ചകൾക്കും മറ്റും ഒടുവിൽ, ജനലിൽ പിടിച്ചു മാറാതെ നിന്നവരെ താഴെ നിന്നവർ കാലിൽ പിടിച്ചു വലിച്ചു താഴെയിട്ടു. "ക്രമസമാധാന നില" പരുങ്ങലിൽ ആയപ്പോഴേക്കും ഒരു അദ്ധ്യാപകൻ വടിയെടുത്ത്‌, വാതിലിൽ നിന്നു തള്ളുണ്ടാക്കിയവരേയും, ജനാലയിൽ നിന്നു വഴക്കുണ്ടാക്കിയവരേയും "ലാത്തി ചാർജ്ജ്‌" നടത്തി ഓടിച്ചു.

ഓടിച്ച്‌ അദ്ധ്യാപകൻ തിരികെയെത്തും മുൻപേ തന്നെ ജനാലകളും വാതിലും വീണ്ടും ഹൗസ്‌ ഫുൾ ആയി. അറുക്കുവാൻ കൊണ്ടുവന്ന ആട്ടിൻകുട്ടികളെപ്പോലെ പേടിച്ചരണ്ട്‌ ഞങ്ങൾ ഇരുവരും ഓഫീസ്‌ റൂമിൽ ഇരുന്നു. ജ്യേഷ്ഠനെ നാലിലേക്കും എന്നെ രണ്ടിലേക്കുമായിരുന്നു ചേർത്തത്‌.രണ്ടാം ദിവസം അയൽപക്കത്ത്‌ താമസിക്കുന്ന ജസീന , റുബീന, ബാവ എന്നീ പെൺകുട്ടികളെയായിരുന്നു, ഞങ്ങളെ സ്ക്കൂളിൽ കൊണ്ടുപോകുന്നതിനും തിരികെ കൊണ്ടുവരുന്നതിനും ചുമതലയേൽപ്പിച്ചത്‌.

ജസീനയും റുബീനയും എന്റെ സഹപാഠികളായിരുന്നു. ബാവ മൂന്നിലും. അതൊരു ജൂൺ മാസമായിരുന്നുവെന്നാണ്‌ എന്റെ ഓർമ്മ. കാരണം സ്ക്കൂളിലേക്കുള്ള ആ യാത്രയിൽ, നൂലുപോലെ നേർത്ത പൊടിമഴ പെയ്തതും, ആ മഴയിൽ നനഞ്ഞ്‌ നടന്നതും ഞാനോർക്കുന്നു. ഏകദേശം ഒരു കിലോമീറ്റർ ദൂരമുണ്ടായിരുന്നു സ്ക്കൂളിലേക്ക്‌. യാത്രയിലുടനീളം ജസീന "മോന്റെ പേരെന്താ" "മോന്റെ നാടെവിടാ" എന്നിങ്ങനെ എതു ചോദ്യവും, "മോൻ" എന്ന അഭിസംബോധനയോടെ ചോദിച്ചത്‌ ഒരു പുരുഷൻ എന്ന നിലയിലും ജസീനയുടെ സമപ്രായക്കാരൻ എന്ന നിലയിലും, എനിക്ക്‌ അപമാനകരമായി അനുഭവപ്പെട്ടു. പക്ഷെ അവർ സംസാരിക്കുന്ന മലപ്പുറം ഭാഷ കൂടുതലും എനിക്ക്‌ മനസ്സിലാകാത്തതിനാൽ , അവർ ചോദിക്കുന്ന ഓരോ ചോദ്യത്തിനും ഒന്നുകിൽ ഞാൻ മൂളുകയോ അല്ലങ്കിൽ മറുപടി പറയാതിരിക്കുകയോ ചെയ്തു. പക്ഷേ എന്റെ ജ്യേഷ്ഠന്‌ വലിയ പ്രശ്നമുള്ളതായി എനിക്ക്‌ തോന്നിയില്ല.

സ്കൂളിലെ ആദ്യ പിരിയഡുകൾ കുഴപ്പമില്ലാതെ തീന്നു. ഇന്റർവെല്ലായപ്പോഴെക്കും ജസീനയും ബാവയും റുബീനയും എന്റെ അരികിലെത്തി. പുറത്തിറങ്ങാതെ ഇരുന്ന എന്നോട്‌ " ഇജ്ജ്‌ പാത്താമ്പോണില്ലേ" എന്ന് ചോദിച്ചു. ഇജ്ജ്‌ എന്നാൽ നീ എന്നാണെന്ന് ഞാൻ അതിനോടകം പഠിച്ചു കഴിഞ്ഞിരുന്നു. പാത്തുക എന്നാൽ മൂത്രമൊഴിക്കുക എന്നാണെന്ന് അറിയാതിരുന്ന ഞാൻ ആ ചോദ്യത്തെ ഇങ്ങനെ വിവർത്തനം ചെയ്തു. "നീ പാത്രം കൊണ്ടുവന്നില്ലേ" എന്ന് അതുകൊണ്ട്‌ ഞാൻ ആ ചോദ്യത്തിന്‌ "കൊണ്ടുവന്നില്ല" എന്ന്‌ മറുപടി പറഞ്ഞതും, പെൺകുട്ടികൾ മൂവരും അലറിച്ചിരിച്ചു. ഞാൻ പറഞ്ഞത്‌ അബദ്ധമാണന്ന് എനിക്കു മനസ്സിലായി.

കാട്ടുഭാഷ സംസാരിക്കുന്ന ഈ ജാതികളോട്‌ ഞാനിനി സംസാരിക്കില്ല എന്ന് പ്രതിജ്ഞയെടുത്തു. ഞാൻ പറയുന്നത്‌ തമിഴാണെന്ന് അവരും അവർ പറയുന്നതാണ്‌ തമിഴെന്ന് ഞാനും അന്യൊന്യം അരോപണം ചൊരിഞ്ഞു.

അടുത്ത ക്ലാസ്സിന്‌ ബെല്ലടിച്ചു. അദ്ധ്യാപകൻ കടന്നു വന്നപ്പോൾ കുട്ടികൾ എഴുന്നേറ്റ്‌ നിന്ന്
അസലാമു അലൈക്കും" എന്നു പറഞ്ഞു. നമസ്തേ സാർ" എന്നതിനു പകരം "അസലാമു അലൈക്കും" എന്ന് പറയുന്നത്‌ കേട്ട്‌ എന്റെ ആധി കൂടി. എന്തു ഭാഷയാണ്‌ ആ പറഞ്ഞതെന്ന് എന്നിക്കൊട്ടും മനസ്സിലായില്ല. അതിനിടെ വെടിച്ചില്ല് പോലെ അഞ്ചു കുട്ടികൾ ക്ലാസിൽ നിന്നിറങ്ങി ഓടുന്നത്‌ ഞാൻ അമ്പരപ്പോടെ കണ്ടിരുന്നു. എന്റെ നാട്ടിലെ സ്കൂളിലായിരുന്നുവെങ്കിൽ അദ്ധ്യാപകൻ ക്ലാസിലെ തടിമാടനെക്കോണ്ട്‌ അവരെ പിടിച്ചു കൊണ്ടുവരീപ്പിക്കുകയും നല്ല പൂശു പൂശുകയും ചെയ്യുമായിരുന്നു. ഇവിടെയാകട്ടെ ആരും അവരെ ശ്രദ്ധിച്ചതു പോലുമില്ല എന്നത്‌ എന്നെ അദ്ഭുതപ്പെടുത്തി.

"കേട്ടെഴുത്ത്‌" അദ്ധ്യാപകൻ ഉറക്കെ വിളിച്ചു പറഞ്ഞു. ഞാനും സ്ലേറ്റ്‌ എടുത്ത്‌ തയ്യാറായി ഇരുന്നു."ദവാത്തുൻ","കിത്താബുൻ"എന്നിങ്ങനെ ഓരോ വാക്കുകൾ അദ്ധ്യാപകൻ പറഞ്ഞു . ആ തണുപ്പത്തും ഞാൻ വല്ലാതെ വിയർത്തു. ആ വാക്കുകൾ ഒന്നും തന്നെ എനിക്കു പിടികിട്ടിയില്ല. ഞാൻ ഇത്‌ ഇതിനു മുൻപ്‌ കേട്ടിട്ടും ഇല്ല. കരച്ചിലിന്റെ വക്കത്തെത്തിയ ഞാൻ അടുത്തിരുന്ന പയ്യന്റെ സ്ലേറ്റിലേക്ക്‌ ഒളിഞ്ഞു നോക്കി. ആ കുട്ടി വലത്തുനിന്ന് ഇടത്തോട്ട്‌ അജ്ഞാത ലിപിയിൽ എന്തൊ വരച്ചു വെക്കുന്നത്‌ ഞാൻ കണ്ടു. ആ നിമിഷം അജ്ഞാത ഭാഷ സംസാരിക്കുന്ന ആ ജാതികൾക്കിടയിൽ പെട്ടുപോയതിന്‌ ഞാൻ സ്വയം ശപിച്ചു. എന്റെ അടുത്തേക്ക്‌ നടന്നടുക്കുന്ന അദ്ധ്യാപകനെക്കണ്ട്‌ ഞാൻ കരയുവാൻ തുടങ്ങി. എന്റെ സ്ലേറ്റ്‌ വാങ്ങിച്ചു നോക്കിയ അദ്ധ്യാപകൻ ഞാൻ ഒന്നും എഴുതിയിട്ടില്ലന്നു കണ്ട്‌ എന്നോട്‌ പറഞ്ഞു "ഇത്‌ അറബിയാണ്‌. നിങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. വെറുതെ ഇരുന്നാൽ മതി. അല്ലങ്കിൽ പുറത്തു പോകാം..

"ഹൊ!!! അശ്വാസത്തിന്റെ കുളിർമഴ പെയ്തത്‌ അപ്പോഴായിരുന്നു. അറബി മുസ്ലീങ്ങൾ മാത്രം പഠിച്ചാൽ മതിയായിരുന്നു. മറ്റുള്ളവർക്ക്‌ അത്‌ പഠിക്കേണ്ടിയിരുന്നില്ല. ആദ്യം ഇറങ്ങിയോടിയ ആ അഞ്ചു കുട്ടികൾ ഹിന്ദു കുട്ടികളായിരുന്നു. ഏതാനും ദിവസങ്ങൾക്കു ശേഷം ആ ഇറങ്ങിയോടുന്നവരുടെ കൂട്ടത്തിലൊരുവനായി ഞാനും മാറി. ഞങ്ങളുടെ സ്കൂൾ ജീവിതത്തിലെ എറ്റവും മനോഹരമായ സമയങ്ങളായി ഞങ്ങൾ അതിനെ വിനിയോഗിച്ചു.

ബാർട്ടർ എന്ന സമ്പ്രദായത്തിന്റെ ചരിത്രപ്രാധാന്യമറിയാതെ തന്നെ ആ സമ്പ്രദായം ഞങ്ങൾ ആധുനിക കാലത്ത്‌ ആ അറബി പിരിയഡുകളിൽ പ്രാവർത്തികമാക്കി. സ്കൂളിനിരുവശം മുഴുവനും അടക്കാതോട്ടങ്ങളായിരുന്നു. സ്ഥലം ഉടമകൾ അറിയാതെ കളിക്കുന്നതിനിടയിൽ ഞങ്ങൾ നിലത്തു വീണു കിടക്കുന്ന അടയ്ക്കാ മത്സരിച്ചു പെറുക്കിയെടുത്ത്‌ , സ്കൂളിനടുത്തുള്ള ഒരു കടയിൽ കൊണ്ടുക്കൊടുക്കുമായിരുന്നു. അതിനു പകരമായി അവർ ഞങ്ങൾക്ക്‌ മുഠായി തരും. പത്തോ പതിനഞ്ചോ അടക്ക കൊടുത്താൽ തരുന്നത്‌ മൂന്നൊ നാലോ മുഠായി ആീരിക്കും.ആ മൂന്നു നാരങ്ങാ മുഠായിക്കുവേണ്ടി മുന്നൂറു മിഠായി കിട്ടുവാനുള്ള വിലപേശൽ പലപ്പോഴും നടത്തേണ്ടി വരുമായിരുന്നു. ഒടുവിൽ ഈ ചൂഷണത്തിനെതിരെ ഞങ്ങൾ പ്രതിഷേധം നടത്തുന്നതിനു മുൻപേ തന്നെ സ്ഥലം ഉടമകൾ വടിയുമായി അടയ്ക്ക പെറുക്കിക്കൊണ്ടിരുന്ന ഞങ്ങളെ തല്ലാൻ വന്നു. ഞങ്ങൾ ഓടിരക്ഷപ്പെടുകയും ചെയ്തു. സ്കൂളിലെ പ്രധാനാദ്ധ്യാപകന്റെ അടുക്കൽ പരാതി ചെന്നേക്കുമെന്ന് ഭയന്ന് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുവൻ വയറിളക്കമാണ്‌ എന്നും പറഞ്ഞ്‌ വീട്ടിൽ പോയി. ഞങ്ങൾ ഭയന്നതു തന്നെ സംഭവിച്ചു. ഞങ്ങൾ അഞ്ചു പേരേയും സ്റ്റാഫ്‌ റൂമിൽ വിളിപ്പിച്ച്‌ അടയ്ക്ക മോഷ്ടിക്കരുത്‌ എന്ന് അദ്ധ്യാപകർ താക്കീത്‌ തന്നു വിട്ടു. പക്ഷെ കാര്യങ്ങൾ എല്ലം തണുത്തപ്പോഴേക്കും ശങ്കരൻമാർ വീണ്ടും തെങ്ങിൽ തന്നെ.

സ്കൂളിന്റെ ഒരു വശം പള്ളിക്കാടായിരുന്നു. അതായത്‌ സ്കൂളിന്റെ മുന്നിലുള്ള പള്ളിയുടെ ശ്മശാനം. വള്ളിപ്പടർപ്പും, കുറ്റിക്കാടുമായി അതൊരു ചെറിയ കാട്‌ പോലെയിരുന്നു. അവിടെക്ക്‌ നോക്കുവാൻ എനിക്ക്‌ ഭയമായിരുന്നു. അതിനകത്ത്‌ ജിന്നുകൾ കൂട്ടമായി വസിക്കുന്നുണ്ടെന്നും, അവ രാത്രിയിൽ റോഡിലിറങ്ങി അതുവഴി പോകുന്ന ആൾക്കാരുടെ ദേഹത്ത്‌ കൂടുമെന്നും ജസീന എനിക്കു പറഞ്ഞു തന്നിരുന്നു.സ്കൂളിനു താഴെയായി ഞങ്ങൾ വെള്ളം കുടിക്കുവാനും ഉച്ചക്ക്‌ ചോറുണ്ട്‌ പാത്രം കഴുകുവാനും പോകുന്ന ഒരു വീടുണ്ടായിരുന്നു. അവിടെ ശരീരം തളർന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഞങ്ങളുടെ പ്രായം കണ്ടേക്കുമായിരുന്നിരിക്കാം , ആ കുട്ടിക്കും. മാലാഖയെപ്പോലെ സുന്ദരിയായ, വെളുത്തു മെലിഞ്ഞ ഒരു കുട്ടി. അതെപ്പോഴും കിടപ്പായിരുന്നു. ആ കുട്ടിയെക്കാണുവാൻ പലപ്പോഴും ഞങ്ങൾ ജനലിൽ കൂടി എത്തി നോക്കുമായിരുന്നു. വസ്ത്രങ്ങൾ ഒന്നും ധരിപ്പിക്കാതെയായിരുന്നു അതിനെ മിക്കപ്പോഴും കിടത്തിയിരുന്നത്‌. അവളുടെ കാലുകൾ കൂടിച്ചേർന്നപോലെ തോന്നിച്ചതിനാൽ അവൾ ഒരു മൽസ്യകന്യകയായി ജനിയ്ക്കേണ്ട കുട്ടിയാണന്നു ഞാൻ കരുതുമായിരുന്നു. അവൾക്ക്‌ എഴുന്നേറ്റ്‌ നടക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ഞാൻ അവളെ കാണുമ്പോഴൊക്കെ ആഗ്രഹിക്കുമായിരുന്നു.

പിന്നീട്‌ എസ്‌ കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥയിൽ' തളർന്നുപോയ ഒരു പെൺകുട്ടിയുടെ കഥ വിവരിച്ചത്‌ വായിക്കുമ്പോൾ ഞാൻ ഈ പെൺകുട്ടിയുടെ കാര്യം ഓർക്കുമായിരുന്നു.
(will be continued)

1 comment:

Unknown said...

നന്നായിരിക്കുന്നു സുഹൃത്തെ,