10.6.08

നിഷ്കളങ്കയായ എറന്ദ്രിരയും അവളുടെ ഹൃദയശൂന്യയായ മുത്ത്ശ്ശിയും. 2ആം ഭാഗം.

പുലർച്ചേ കാറ്റ്‌ നിലച്ചപ്പോഴേക്കും കുറച്ച്‌ ചാറ്റലായും, പിന്നീട്‌ കനത്തും പെയ്തിറങ്ങിയ മഴ ആ കെട്ടിടത്തിന്റെ എരിഞ്ഞുകൊണ്ടിരുന്ന അവസാനത്തെ കനലും കെടുത്തി. പുകഞ്ഞു കൊണ്ടിരുന്ന ചാരം കട്ടിയാവാൻ .തുടങ്ങിആ ഗ്രാമത്തിലെ ആൾക്കാർ, കൂടുതലും ആദിവാസികൾ, ആ ദുരന്തത്തിൽ ബാക്കി വന്ന സാധനങ്ങൾ രക്ഷിച്ചെടുക്കുവാനുള്ള ശ്രമത്തിലായിരുന്നു. കരിഞ്ഞുപോയ ഒട്ടകപക്ഷിയുടെ മൃതശരീരം, പിയാനോയുടെ ഫ്രെയിം,ഒരു പ്രതിമയുടെ കഴുത്തിനു മുകളിലുള്ള ഭാഗം, തുടങ്ങിയവ. മുത്തശ്ശിയാവട്ടെ, ആ ദുരന്തത്തിൽ അവശേഷിച്ച അവരുടെ സമ്പാദ്യങ്ങളുടെ കണക്കെടുക്കുകയായിരുന്നു, കീറിമുറിക്കാനാവാത്ത വിഷാദത്തോടെ. അമാഡിസ്‌മാരുടെ കല്ലറക്കരികെയിരുന്ന എറന്ദ്രിര കരച്ചിൽ അവസാനിപ്പിച്ചു കഴിഞ്ഞിരുന്നു. ആ തീപ്പിടുത്തതിൽ വളരെക്കുറച്ചു സാധനങ്ങൾ മാത്രമേ നശിക്കാത്തതായി അവശേഷിച്ചിരുന്നുള്ളുവെന്ന് തിരിച്ചറിഞ്ഞ മുത്തശ്ശി ആത്മാർഥമായ സഹതാപത്തോടെ എറന്ദ്രിരയുടെ നേർക്ക്‌ കണ്ണോടിച്ചു.
"എന്റെ പാവം കുട്ടി.." അവർ നെടുവീപ്പിട്ടു."ഈ നാശ നഷ്ടങ്ങൾക്ക്‌ പകരം തരാൻ നിന്റെ ഈ ജീവിതം തികയില്ല"

അവൾക്ക്‌ അന്നുതന്നെ ആ ദുരന്തത്തിന്‌ നഷ്ടപരിഹാരം നൽകിത്തുടങ്ങേണ്ടി വന്നു. ആ മഴയുടെ കോലാഹലങ്ങൾക്കിടെ, ആ ഗ്രാമത്തിലെ ഒരു കലവറ സൂക്ഷിപ്പുകാരന്റെ അടുത്തെക്ക്‌ അവളെ കൂട്ടിക്കൊണ്ടുപോയതുമുതൽ. കന്യകകളെ പ്രാപിക്കുന്നതിന്‌ നൽകിപ്പോന്ന നല്ലവിലയുടെ പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച, അകാലത്തിൽ വിഭാര്യനായിത്തീർന്ന, മെലിഞ്ഞ, ഒരുവനായിരുന്നു അയാൾ.

എറന്ദ്രിരയുടെ തുടയുടെ ദൃഡത, മുലകളുടെ വലുപ്പം, അരക്കെട്ടിന്റെ വ്യാസം എന്നിവ ശാസ്ത്രീയമായ നിഷ്ഠൂരതയോടെ പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ, നിരാശയുടെ ലാഞ്ജനയേതുമില്ലാതെ മുത്തശ്ശി കാത്തിരുന്നു. അവൾക്കെത്ര മതിപ്പുവരും എന്ന് കണക്കാക്കിയെടുക്കും വരെ അയാൾ ഒരുവാക്കു പോലും മിണ്ടിയില്ല.
"ഇവൾക്ക്‌ ഇപ്പോഴും പ്രായപൂർത്തിയായിട്ടില്ല" അയാൾ പറഞ്ഞു." ഇവളുടെ മുലക്കണ് ഒരു പെൺപട്ടിയുടേതുപോലുണ്ട്‌"
അവസാനമായി തുകയെ സംബന്ധിച്ച ഒരു തീരുമാനമെടുക്കുന്നതിനായി അയാൾ അവളുടെ ഭാരം അളന്നു നോക്കി. എറന്ദ്രിരക്കു തൊണ്ണൂറ്‌ പൗണ്ട്‌ ഭാരമുണ്ടായിരുന്നു.
"ഇവൾക്ക്‌ ഒരു നൂറ്‌ പെസോയിൽ കൂടുതൽ വില വരില്ല" ആ വിഭാര്യൻ അഭിപ്രായപ്പെട്ടു.
മുത്തശ്ശിയുടെ പ്രതീക്ഷകളെ ആ വാക്കുകൾ വ്രണപ്പെടുത്തി.
"ഈ കിളുന്നു പെണ്ണിന്‌ നൂറൂ പെസോയോ...?" മുത്തശ്ശി ശബ്ദമുയർത്തി. "ഒരിക്കലും പറ്റില്ല. ഇതന്യായമാണ്‌"
"എങ്കിൽ നൂറ്റമ്പതു പെസോ തരാം" വിഭാര്യൻ പറഞ്ഞു
" ഈ പെങ്കൊച്ച്‌ എനിക്ക്‌ പത്തുലക്ഷത്തിനു മുകളിൽ നാശം വരുത്തി വെച്ചവളാണ്‌." മുത്തശ്ശി തുടർന്നു" ഇങ്ങനെ പോയാൽ ഇരുന്നൂറ്‌ വർഷമെങ്കിലും വേണ്ടിവരും ഇവൾക്ക്‌ ഈ നഷ്ടം നികത്തിത്തരാൻ"
"അവൾക്കാകെയുള്ള ഗുണം അവളുടെ പ്രായമാണ്‌. ആ കാര്യത്തിലേ നിങ്ങൾക്ക്‌ ഭാഗ്യമുള്ളൂ"
അപ്പോൾ ആഞ്ഞുവീശിയ ഒരു കാറ്റ്‌ ആ വീടിനെ തകർക്കുമെന്ന് തോന്നിച്ചു. പുറത്തെപ്പോലെ തന്നെ അകത്തും വെള്ളം വീഴത്തക്ക രീതിയിൽ ചോരുന്നതായിരുന്നു ആ വീടിന്റെ ഉൾവശവും. ആ ദുരിതങ്ങളുടെ ലോകത്ത്‌ താൻ ഏകയായിപ്പോയെന്ന് മുത്തശ്ശിക്ക്‌ തോന്നി.

അവസാനം ഇരുന്നൂറ്റിഇരുപത്‌ പെസോ പണമായും, മറ്റ്‌ ചില വ്യവസ്ഥകളിൻമേലും കച്ചവടം ഉറപ്പിച്ചു. മുത്തശ്ശി എറന്ദ്രിരയോട്‌ ആ വിഭാര്യന്റെ കൂടെപ്പോകാൻ ആംഗ്യം കാണിച്ചു. അയാൾ എറന്ദ്രിരയുടെ കൈക്ക്‌ പിടിച്ച്‌ അവളെ സ്കൂളിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്ന ലാഘവത്തോടെ പിൻവശത്തെ മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി

ബാക്കി അടുത്ത ചൊവ്വാഴ്ച്ച(17-6-08)

No comments: